We Believe JesusFé, Esperança e Nova Vida

Psalms 33

Mal1910: Sathyavedapusthakam (Malayalam Bible) · malaiala

← Psalms 32 Psalms Psalms 34 →

1നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിൻ; സ്തുതിക്കുന്നതു നേരുള്ളവൎക്കു ഉചിതമല്ലോ.

2കിന്നരംകൊണ്ടു യഹോവെക്കു സ്തോത്രം ചെയ്‌വിൻ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിൻ.

3അവന്നു പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിൻ.

4യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.

5അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

6യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി;

7അവൻ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.

8സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാൎക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.

9അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.

10യഹോവ ജാതികളുടെ ആലോചനയെ വ്യൎത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.

11യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു.

12യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.

13യഹോവ സ്വൎഗ്ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.

14അവൻ തന്റെ വാസസ്ഥലത്തുനിന്നു സൎവ്വഭൂവാസികളെയും നോക്കുന്നു.

15അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു.

16സൈന്യബഹുത്വത്താൽ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരൻ രക്ഷപ്പെടുന്നതുമില്ല.

17ജയത്തിന്നു കുതിര വ്യൎത്ഥമാകുന്നു; തന്റെ ബലാധിക്യംകൊണ്ടു അതു വിടുവിക്കുന്നതുമില്ല.

18യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;

19അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.

20നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു.

21അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.

22യഹോവേ, ഞങ്ങൾ നിങ്കൽ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.

← Psalms 32 Psalms Psalms 34 →