1യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യിൽ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ.
2അവർ ഹൃദയത്തിൽ അനൎത്ഥങ്ങൾ നിരൂപിക്കുന്നു; അവർ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
3അവർ സൎപ്പംപോലെ തങ്ങളുടെ നാവുകളെ കൂൎപ്പിക്കുന്നു; അവരുടെ അധരങ്ങൾക്കു കീഴെ അണലിവിഷം ഉണ്ടു.സേലാ.
4യഹോവേ, ദുഷ്ടന്റെ കയ്യിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവർ എന്റെ കാലടികളെ മറിച്ചുകളവാൻ ഭാവിക്കുന്നു.
5ഗൎവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു.സേലാ.
6നീ എന്റെ ദൈവം എന്നു ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേൾക്കേണമേ.
7എന്റെ രക്ഷയുടെ ബലമായി കൎത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം ഇടുന്നു.
8യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ.സേലാ.
9എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
10തീക്കനൽ അവരുടെ മേൽ വീഴട്ടെ; അവൻ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
11വാവിഷ്ഠാണക്കാരൻ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനൎത്ഥം നായാടി ഉന്മൂലനാശം വരുത്തും.
12യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാൻ അറിയുന്നു.
13അതേ, നീതിമാന്മാർ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും.