We Believe JesusFé, Esperança e Nova Vida

I Chronicles 14

Mal1910: Sathyavedapusthakam (Malayalam Bible) · malaiala

← I Chronicles 13 I Chronicles I Chronicles 15 →

1സോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.

2യഹോവയുടെ ജനമായ യിസ്രായേൽനിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാൽ തന്നേ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.

3ദാവീദ് യെരൂശലേമിൽവെച്ചു വേറെയും ഭാൎയ്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

4യെരൂശലേമിൽ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ,

5ശലോമോൻ, യിബ്ഹാർ, എലീശൂവ, എൽപേലെത്ത്,

6നോഗഹ്, നേഫെഗ്, യാഫീയ,

7എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.

8ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ, ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പിൽനിന്നു ഒഴിഞ്ഞുപോയി.

9ഫെലിസ്ത്യർ വന്നു രെഫായീംതാഴ്വരയിൽ പരന്നു.

10അപ്പോൾ ദാവീദ് ദൈവത്തോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടു: പുറപ്പെടുക; ഞാൻ അവരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.

11അങ്ങനെ അവർ ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാൽ തകൎത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞു വരുന്നു.

12എന്നാൽ അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാൻ ദാവീദ് കല്പിച്ചു.

13ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ വന്നു പരന്നു.

14ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോൾ ദൈവം അവനോടു: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങൾക്കെതിരെ അവരുടെ നേരെ ചെല്ലുക.

15ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;

16ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.

17ദാവീദിന്റെ കീൎത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സൎവ്വജാതികൾക്കും വരുത്തുകയും ചെയ്തു.

← I Chronicles 13 I Chronicles I Chronicles 15 →